'ബ്രൂട്ടസ്'

എന്നെ അടുത്തറിയുന്നവർക്കെല്ലാം എന്റെ നായപ്രേമത്തെ പറ്റിയും അറിയാം. ഓർമ്മ വച്ച നാൾ മുതൽ നായകളോട് ഒരു പ്രത്യേക ഇഷ്ടമാണ്.

ആദ്യമായി വീട്ടിലൊരു നായയെ വളർത്തുന്നത് ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്. UAE യിലെ ഖോർഫക്കാനിലെ ഇന്ത്യൻ സ്കൂളിലെ പഠനവും ആശ ടീച്ചറുടെ ഡാൻസ് ക്ലാസുകളുമായി ദിവസങ്ങൾ മുന്നോട്ട് പോയിരുന്ന കാലം. ഒരു ദിവസം വൈകുന്നേരം അച്ഛൻ വീട്ടിലെത്തിയപ്പോൾ കൂടെ ഒരു നായയും ഉണ്ടായിരുന്നു. ഒരു വെള്ള പോമറേനിയൻ. Rescued dog. അന്ന് അവന് ഒരു വയസ്സ് പ്രായമുണ്ട്. പേര് 'ഹോപ്' എന്നായിരുന്നു. അച്ഛൻ ആ പേര് മാറ്റി 'ബ്രൂട്ടസ്' എന്ന പുതിയ പേര് നൽകി. അന്നും ഇന്നും wrestIing ങ്ങിൽ അച്ഛന് വലിയ താൽപര്യമാണ്. അന്നത്തെ ഒരു പ്രമുഖ wrestler ആയിരുന്നു Brutus Beefcake. ആ പേരാണ് നായയ്ക്കു നൽകിയത്.

മിടുക്കനായിരുന്നു ബ്രൂട്ടസ്. വളരെ വേഗം ഞങ്ങളുമായി അടുത്തു. ഞങ്ങളുടെ കളികളിലെല്ലാം അവനും പങ്കാളിയായി. എന്തെങ്കിലും കുസൃതി കാണിച്ചതിന് എനിക്കോ അനിയന്മാർക്കോ തല്ല് കിട്ടിയാൽ, ഞങ്ങളേക്കാൾ വിഷമമായിരുന്നു ബ്രൂട്ടസിന്. ഞങ്ങളുടെ കരച്ചിലും സങ്കടവും മാറുന്നതു വരെ അവൻ ചുറ്റിപ്പറ്റി നിൽക്കും. കഴിക്കാൻ തരുന്ന ഭക്ഷണത്തിൽ ഇഷ്ടമില്ലാത്തത് മുറ്റത്തേക്ക് വലിച്ചെറിയുമായിരുന്നു ഞാൻ. അത് അവിടെന്ന് കടിച്ചെടുത്ത് അമ്മയുടെ മുന്നിൽ ഹാജരാക്കി ഇടയ്ക്കിടെ നല്ല പണിയും തരുമായിരുന്നു ബ്രൂട്ടസ്.

മൂന്നാല് വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ പുതിയൊരു വാടകവീട്ടിലേക്ക് താമസം മാറി. പഴയ വീട്ടിൽ കൊച്ചച്ഛനും ഭാര്യയും താമസമാക്കി. എന്നും രാവിലെ ഞങ്ങളുടെ വീട്ടിൽ നിന്നിറങ്ങി കൊച്ചച്ഛന്റെ വീട്ടിൽ പോയി, കുറച്ച് കഴിഞ്ഞ് മടങ്ങുന്നത് ബ്രൂട്ടസ് പതിവാക്കി.

അതിനിടയിൽ അവനൊരു skin infection ഉണ്ടായി. അതിനു പുരട്ടിയ മരുന്നിന് നീല നിറമായിരുന്നു. അവന്റെ വെള്ള രോമങ്ങൾക്കിടയിൽ അങ്ങനെ ഒരു നീല നിറത്തിലുള്ള വട്ടം രൂപപ്പെട്ടു.

ഒരു ദിവസം പതിവു പോലെ കൊച്ചച്ഛന്റെ വീട്ടിലേക്ക് പോയ ബ്രൂട്ടസ് തിരിച്ചെത്തിയില്ല. ഞങ്ങൾ സ്കൂളിലേക്ക് യാത്രയായി. സ്കൂൾ ബസിലിരുന്നപ്പോ വഴിയരികിലൊരു നായ കിടക്കുന്നൂന്ന് ഡ്രൈവർ പറയുന്നത് കേട്ട് നോക്കിയപ്പോ, അതാ വെള്ള രോമങ്ങൾക്കിടയിൽ നീല രോമങ്ങളുള്ള ഒരു നായ. ഞങ്ങടെ ബ്രൂട്ടസ്. ഏതോ വണ്ടിയിടിച്ച് തെറിപ്പിച്ചതാണവനെ. ബസിൽ നിന്നിറങ്ങാൻ അനുവാദം കിട്ടിയില്ല. സ്കൂളിലെത്തിയ ഉടനെ അമ്മയെ ഫോൺ ചെയ്ത് വിവരം പറഞ്ഞു. അച്ഛൻ സ്ഥലത്തില്ലായിരുന്നതിനാൽ കുടുംബ സുഹൃത്തായ ഹരിദാസ് അങ്കിൾ പോയി ബ്രൂട്ടസിനെ റോഡിൽ നിന്നും വീട്ടിലെത്തിച്ചു. ജീവനുണ്ടായിരുന്നു. പക്ഷേ നട്ടെല്ലിന് സാരമായ ക്ഷതമേറ്റ് അവൻ പൂർണ്ണമായും തളർന്നു പോയി. തല മാത്രം അൽപം അനക്കാൻ കഴിയും. അവന്റെ തല എന്റെ മടിയിലേക്ക് ഉയർത്തി വച്ച് വെള്ളവും സൂപ്പും കൊടുത്തു. എല്ലാരും മൂകരായി അവന്റെ ചുറ്റുമിരുന്നു. Vet വന്ന് വിശദമായി പരിശോധിച്ച ശേഷം ആ കിടപ്പിൽ നിന്നും അവൻ ഒരിക്കലും എഴുന്നേൽക്കില്ലെന്ന് വിധിയെഴുതി. ഞങ്ങൾ കുട്ടികൾ മൂന്നും കരഞ്ഞ് തളർന്നാണ് അന്നുറങ്ങിയത്.
രണ്ടു ദിവസം കഴിഞ്ഞ് സ്കൂളിൽ നിന്നും തിരിച്ചെത്തിയപ്പോ ബ്രൂട്ടസിനെ കാണാനില്ല! അവനെ ഡോക്ടർ കൊണ്ടു പോയിയെന്നും അതു പോലത്തെ വയ്യാത്ത നായകളെ നോക്കുന്ന ഹോസ്പിറ്റലിൽ അവൻ ഇനി കഴിയുമെന്നും അച്ഛൻ പറഞ്ഞത് ഞങ്ങൾ വിശ്വസിച്ചു. വർഷങ്ങൾക്കു ശേഷമാണ് ആ കിടപ്പിൽ നിന്നും, വേദനയിൽ നിന്നും അവനെ മോചിപ്പിക്കാൻ അവനെ euthanize ചെയ്യേണ്ടി വന്നുവെന്ന സത്യം അച്ഛൻ ഞങ്ങളൊട് പറഞ്ഞത്.

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങളെ വിട്ടു പോയതാണ് ബ്രൂട്ടസ്. എന്നാലും ഇന്നും എന്റെ ഓർമ്മകളിൽ അവൻ ഓടിനടക്കുന്നുണ്ട്. സ്വർഗ്ഗമെന്നാൽ എന്താണെന്ന് ചോദിക്കുന്നവരോട് ഞാൻ പറയാറുണ്ട് - എനിക്കു മുമ്പേ ഭൂമി വിട്ട് പോയ എന്റെ നായകൾ എവിടേക്കാണോ പോയത്, എനിക്കും അവിടെ പോയാൽ മതി. അതാണെന്റെ സ്വർഗ്ഗം.

Comments

Popular Posts