യേശുദാസ്

യേശുദാസ്. ആ പേര് കേട്ടാൽ എല്ലാ മലയാളികളുടേയും മനസ്സിൽ തെളിയുന്നത് ഒരേ രൂപമാണ്. ഗാനഗന്ധർവ്വൻ യേശുദാസ്. എന്നാൽ 90 കളിൽ റാസ് അൽ ഖൈമയിലെ പബ്ലിക് സ്കൂളിൽ പഠിച്ച എല്ലാ വിദ്യാർഥികളുടേയും മനസ്സിലെ യേശുദാസ് മറ്റൊരാളാണ്.

പ്രായാധിക്യം കൊണ്ട് മുടി നരച്ച, എപ്പോഴും കുറേ തടിയൻ പുസ്തകങ്ങളുമായി ലേശം മുന്നോട്ടാഞ്ഞ് ധൃതിയിൽ നടക്കുന്ന യേശുദാസ് സർ. ഞങ്ങളുടെ ബയോളജി ടീച്ചർ.

ഞങ്ങൾ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് മൂന്ന് സാറന്മാർ ഒരുമിച്ച് സ്കൂളിൽ ജോലിക്ക് പ്രവേശിച്ചത്. കമ്പ്യൂട്ടർ സയൻസ് പഠിപ്പിക്കാൻ റെജി സർ, കെമിസ്ട്രിക്ക് ഡേവിഡ് സർ, പിന്നെ ബയോളജിക്ക് യേശുദാസ് സാറും. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഞങ്ങളെ ബയോളജി പഠിപ്പിച്ചത് യേശുദാസ് സാറാണ്. കുറേ വർഷം നൈജീരിയയിൽ അദ്ധ്യാപകനായി പ്രവർത്തിച്ചതിനു ശേഷമാണ് സർ ഗൾഫിലെത്തിയത്. ഞങ്ങളും സാറും തമ്മിൽ വലിയ പ്രായ വ്യത്യാസമുണ്ടായിട്ടും ഞങ്ങൾ നല്ല സുഹൃത്തുക്കളെ പോലെയായി.

സ്വന്തം വിഷയത്തിലുള്ള അഗാധമായ ജ്ഞാനം സാറിനെ ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകനാക്കി. പൊതുവെ നല്ല ക്ഷമയുളള സ്വഭാവമാണെങ്കിലും ചില വികൃതി ചെക്കന്മാരുടെ തലതിരിഞ്ഞ ചോദ്യങ്ങൾ കേൾക്കുമ്പോൾ സാറിന് ദേഷ്യം വരുമായിരുന്നു. അപ്പോൾ അത് വരെ കേട്ടിട്ടില്ലാത്ത ചില ജീവികളുടെ ശാസ്ത്രീയ നാമങ്ങൾ സാറിന്റെ നാവിൽ വരും! അത് കേൾക്കാൻ വേണ്ടി മാത്രം ചില കുട്ടികൾ സാറിനെ പ്രകോപിപ്പിക്കും.

പത്തിലും പന്ത്രണ്ടിലും പരീക്ഷകളിൽ ബയോളജിക്ക് ഞങ്ങൾക്കെല്ലാം മികച്ച മാർക്ക് ലഭിച്ചതിൽ സാറിന്റെ പങ്ക് വലുതാണ്. പരീക്ഷയ്ക്ക് മുൻപുള്ള ദിവസങ്ങളിൽ സാറിന്റെ വീട്ടിൽ വച്ച് എക്സ്ട്രാ ക്ലാസെടുത്ത് പ്രധാനപ്പെട്ട പോയിന്റുകൾ ആവർത്തിച്ചു പഠിപ്പിച്ചു. അന്നേരം സാറിന്റെ മേശമേൽ വിരിച്ചിരുന്ന പത്രത്താളിൽ Dodo എന്ന് ഞാൻ വിളിക്കുന്ന പ്രിയ സുഹൃത്തിനെ പറ്റി കവിതയെഴുതിയത് ഞാനോർക്കുന്നു. പിറ്റെന്ന് ക്ലാസിൽ അതും പറഞ്ഞ് അവൻ അടിയിടാൻ വന്നതും മറന്നിട്ടില്ല!

പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകൾ കഴിഞ്ഞ് നാട്ടിലെത്തിയ ഞാനന്ന് കൊല്ലത്തായിരുന്നു താമസം. വർഷങ്ങൾക്കു ശേഷം യേശുദാസ് സാറും നാട്ടിലേക്ക് മടങ്ങിയെന്നും കൊല്ലത്താണ് താമസമെന്നും അറിഞ്ഞ ഞാൻ സാറിനെ കാണാൻ പുറപ്പെട്ടു. കുണ്ടറയിലേക്ക് പോകും വഴി മതിലിൽ വൈദ്യശാല എന്ന സ്റ്റോപ്പിൽ നിന്നും അകത്തേക്ക് കിടക്കുന്ന റോഡിലൂടെ കുറച്ച് മുന്നിലേക്ക് പോയപ്പോൾ സാറിന്റെ വീട് കണ്ടു. പണി പൂർത്തിയാകാത്ത ഒരു ചെറിയ വീട്. സാറ് വളരെ അവശനായി കാണപ്പെട്ടു. പഴയ ചുറുചുറുക്കും പ്രസരിപ്പുമെല്ലാം എങ്ങോ പോയി. സാറിന്റെ ഭാര്യയുടെ ആരോഗ്യവും മോശമായിരുന്നു. എന്നാലും എന്നെ കണ്ടതും സാറിന്റെ കണ്ണുകൾ തിളങ്ങി. എന്റെ പേര് ഓർത്തെടുക്കാൻ സാറിന് ഒരു നിമിഷം പോലും വേണ്ടി വന്നില്ല. കുറച്ച് നാളുകൾക്ക് ശേഷം അലൻ എന്ന സഹപാഠി കൊല്ലത്ത് വന്നപ്പോഴും ഞങ്ങൾ രണ്ടു പേരും സാറിനെ കാണാൻ പോയി. തമാശ എന്തെന്നാൽ ഞങ്ങളുടെ ക്ലാസിലെ ഒന്നാം റാങ്കുകാരനായ അലന്റെ പേര് എത്ര ശ്രമിച്ചിട്ടും സാറിന് ഓർത്തെടുക്കാൻ സാധിച്ചില്ല. ക്ലാസിൽ പഠനത്തോടൊപ്പം അൽപ്പം അലമ്പ് കൂടി കാണിക്കുന്നവരെയാണ് ടീച്ചർമാർ എന്നും ഓർക്കുന്നതെന്ന് അന്ന് മനസ്സിലായി!

കൊല്ലത്തു നിന്ന് താമസം മാറിയ ശേഷം സാറുമായി contact ഇല്ലാതായി. പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം FB യിലെ ഒരു കൂട്ടായ്മയിൽ നിന്നും അറിഞ്ഞു - സർ മരിച്ചിട്ട് വർഷങ്ങളായെന്ന്. വളരെ വൈകിയാണ് ആ മരണ വാർത്ത അറിഞ്ഞതെങ്കിലും അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഞങ്ങൾക്ക് നല്ല മാർക്ക് കിട്ടാൻ സർ വളരെയധികം അദ്ധ്വാനിച്ചു. എന്നിട്ടും സാറിനെ ഒരു രീതിയിലും സഹായിക്കാൻ സാധിച്ചില്ല. അതിന്റെ കുറ്റബോധം ജീവിതകാലം മുഴുവൻ ഉണ്ടാകും.

Nazareth Yesudas എന്ന എന്റെ പ്രിയപ്പെട്ട യേശുദാസ് സർ - സർ കൊളുത്തി വച്ച അറിവിന്റെ വിളക്ക് ഇന്നും എന്റെയുള്ളിൽ കെടാതെ സൂക്ഷിക്കുന്നു. ഏതോ വലിയ പുസ്തകങ്ങൾ കൈയ്യിലേന്തി അനന്തതയിലേക്ക് ധൃതിയിൽ നടന്നകലുന്ന സാറിന്റെ രൂപവും..

#IPHSmemories

Comments

Popular Posts