Rainbow heart

വർഷം 1997. റാസ് അൽ ഖൈമയിലെ ഇന്ത്യൻ പബ്ലിക് ഹൈസ്കൂളിലെ പത്താം ക്ലാസ് മുറിയാണ് രംഗം. സ്റ്റഡി ലീവിനു മുമ്പുള്ള അവസാനത്തെ പ്രവൃത്തിദിനം.

കടുത്ത മത്സരമാണ് CBSE സ്കൂളുകൾ തമ്മിൽ. ഏത് സ്കൂളിൽ ഡിസ്റ്റിംങ്ഷനോടെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പാസ്സാകും, ഏത് സ്കൂളിലെ വിദ്യാർഥികൾ ഓരോ വിഷയത്തിനും കൂടുതൽ മാർക്ക് കരസ്ഥമാക്കും എന്നതാണ് മത്സരം. ഓരോ വർഷവും പുറത്തു വരുന്ന മികച്ച പരീക്ഷാഫലങ്ങളിൽ പ്രതിഫലിക്കുന്നത് വിദ്യാർഥികളുടെ കഠിനാധ്വാനം മാത്രമല്ല, അദ്ധ്യാപകരുടെ അർപ്പണബോധവും, സ്കൂളിലെ മറ്റ് അധികാരികളുടെ ഉൽസാഹവും പ്രചോദനവും കൂടിയാണ്. ഈ വർഷവും തയ്യാറെടുപ്പുകൾ ദ്രുതഗതിയിൽ നടന്നു. പരീക്ഷയ്ക്ക് മാസങ്ങൾ ബാക്കി നിൽക്കേ അദ്ധ്യാപകർ സിലബസ്സിലുള്ളതും പിന്നെ കുറച്ചധികവും പഠിപ്പിച്ചു കഴിഞ്ഞു. പോയ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ വിദ്യാർഥികൾ ചെയ്തു പഠിച്ചു കഴിഞ്ഞു. മോഡൽ പരീക്ഷകളിൽ നല്ല മാർക്ക് വാങ്ങിയ വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ സജ്ജരായി. അത്ര മികച്ച മാർക്ക് നേടാതിരുന്ന വിദ്യാർഥികൾ ഭയത്തോടും പരിഭ്രമത്തോടും പരീക്ഷകൾ ഇങ്ങെത്തല്ലേന്ന് പ്രാർഥിച്ചു.

അങ്ങനെ ആ പത്താം ക്ലാസ് മുറിയിൽ ആത്മവിശ്വാസം തിളങ്ങുന്ന കുറച്ചു മുഖങ്ങൾക്കും പരിഭ്രമം പ്രകടമായ അതിലേറെ മുഖങ്ങൾക്കുമിടയിലേക്ക് സ്കൂളിലെ പ്രിൻസിപ്പൽ പ്രവേശിച്ചു. മെലിഞ്ഞ്, വെളുത്ത, കുലീനയായ ഒരു ഉത്തരേന്ത്യൻ വനിതയാണ് പ്രിൻസിപ്പൽ. പേര് അനുഭ നിഛാവൻ. അദ്ധ്യാപകരോടും വിദ്യാർഥികളോടുമുള്ള സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാവർക്കും പ്രിയങ്കരിയായ പ്രിൻസിപ്പൽ. മറ്റുള്ളവരിൽ മതിപ്പും ബഹുമാനവും ഉളവാക്കുന്ന പെരുമാറ്റവും, പതിഞ്ഞ ശബ്ദവും വാത്സല്യം തുളുമ്പുന്ന കണ്ണുകളും. വളരെ ലളിതമാണ് വസ്ത്രധാരണ രീതി. ഇളം നിറത്തിലുള്ള സാരികളാണ് കൂടുതലും. നഴ്സറിയിലെ കുരുന്നുകൾ പ്രിൻസിപ്പലിനെ കാണാൻ ചെല്ലുമ്പോൾ അവരെ വാത്സല്യപൂർവ്വം ചേർത്ത് നിർത്തി അവരുടെ കുഞ്ഞു പരിഭവങ്ങൾ ശ്രവിക്കുന്ന പ്രിൻസിപ്പലിന്റെ ഭാവം കൗതുകമുണർത്തുന്നതാണ്. ഏത് വിദ്യാർഥിക്കും ഭയമില്ലാതെ സമീപിക്കാവുന്ന സ്നേഹനിധി.

ഇന്ന് പത്താം ക്ലാസിലേക്ക് ടീച്ചർ വന്നത് വിദ്യാർഥികളെ അതിസംബോധന ചെയ്യാനാണ്.സ്റ്റഡി ലീവ് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും, കഠിനാധ്വാനം ചെയ്യണമെന്നും, ശ്രദ്ധയോടെ പരീക്ഷ എഴുതണമെന്നും മറ്റും പറയാൻ. ക്ലാസിലേക്ക് നടന്ന് വന്ന് പെൺകുട്ടികൾ ഇരിക്കുന്ന വശത്ത് മുൻ ബെഞ്ചിൽ കൈപ്പത്തി ഉറപ്പിച്ച് ലേശം മുന്നിലേക്ക് ആഞ്ഞ് നിന്ന് സംസാരിച്ചു തുടങ്ങി - "My dear children..."

മുൻ ബെഞ്ചിലിരുന്ന വട്ട മുഖമുള്ള, കണ്ണട വച്ച ആ പെൺകുട്ടി "My dear children.." എന്നതിലപ്പുറം ഒന്നും കേട്ടില്ല. കാരണം അവളുടെ ശ്രദ്ധ അപ്പോഴേക്കും മാറിയിരുന്നു. കഴിഞ്ഞ കുറേ ദിവസമായി പത്രത്തിലെ പരസ്യങ്ങളിൽ കണ്ട ഒന്നിൽ അവളുടെ കണ്ണുടക്കി. തൊട്ടു മുന്നിൽ നിൽക്കുന്ന പ്രിൻസിപ്പലിന്റെ കഴുത്തിലെ നേർത്ത, നീളൻ സ്വർണ്ണമാലയുടെ തുമ്പത്ത് ആടിക്കളിക്കുന്ന പുതിയ പെൻഡന്റ് - Rainbow heart. ഹൃദയാകൃതിയിലുള്ള പരന്ന ലോക്കറ്റിന്റെ മുൻവശത്ത് മനോഹരമായി ആലേഖനം ചെയ്ത ഡിസൈൻ. ഒരു സ്ഫടിക പ്രതലത്തിനപ്പുറമെന്ന് തോന്നും വിധമാണ് രൂപകൽപന. ആ ലോക്കറ്റിൽ പ്രകാശം പതിക്കുമ്പോൾ മഴവില്ലിൻ നിറങ്ങൾ പൊട്ടി വിടരും. പരസ്യങ്ങളിൽ കണ്ട ആ പെൻഡന്റ് ആദ്യമായാണ് ആ പെൺകുട്ടി കൺമുന്നിൽ കാണുന്നത്. സംസാരിക്കുന്നതിനിടയിൽ പ്രിൻസിപ്പൽ ചലിക്കുന്നതനുസരിച്ച് ആ പെൻഡന്റിൽ പുതിയ വർണ്ണങ്ങൾ മിന്നി മറഞ്ഞു. നിറങ്ങളുടെ ആ മാന്ത്രിക വലയത്തിൽ മതിമറന്ന അവൾ ചുറ്റും നടന്നതൊന്നും അറിഞ്ഞില്ല. പ്രിൻസിപ്പൽ സംസാരം അവസാനിപ്പിച്ച് എല്ലാർക്കും ആശംസ നേർന്ന് ക്ലാസിന് പുറത്തേക്ക് നടന്നു.

അന്ന് ഉച്ചയ്ക്ക് വീട്ടിലേക്ക് തിരിച്ചെത്തിയതും ആ പെൺകുട്ടി അമ്മയുടെ അടുത്തേക്ക് ഓടി. ഉണ്ണാനിരിക്കുമ്പോഴാണ് സാധാരണ സ്കൂളിലെ വിശേഷങ്ങൾ അവൾ പറയാറ്. എന്നാൽ അന്ന് അത് വരെ കാത്തിരിക്കാനുള്ള ക്ഷമ അവൾക്കില്ലായിരുന്നു. വലിയ ഉൽസാഹത്തോടെ അവൾ Rainbow heart കണ്ട കാര്യം പങ്കുവച്ചു. വിശദമായി വർണ്ണിച്ചു കൊടുത്തു. അത് കേട്ടപ്പോ അമ്മയ്ക്കും താൽപര്യമായി. കുറച്ചു ദിവസങ്ങൾക്കു ശേഷം അമ്മയും വാങ്ങി ഒരു Rainbow heart.

23 വർഷങ്ങൾക്കപ്പുറം ആ Rainbow heart കാണുമ്പോ ഇന്നും ആ പെൺകുട്ടിയുടെ മനസ്സ് ആ പഴയ പത്താം ക്ലാസ് മുറിയിലെത്തും. ചുറ്റുമിരിക്കുന്ന സഹപാഠികളെ അവളുടെ മനക്കണ്ണിൽ കാണും. തൊട്ടടുത്തിരിക്കുന്ന Sherin Thomas വളരെ ശ്രദ്ധയോടെ പ്രിൻസിപ്പലിന്റെ വാക്കുകൾ കേൾക്കുന്നു. എതിർവശത്തിരിക്കുന്ന George Paul ന്റെ മനസ്സ് പരീക്ഷകളില്ലാത്ത ഏതോ സുന്ദരലോകത്ത് പാറിപ്പറന്നു നടക്കുന്നത് മുഖഭാവത്തിൽ നിന്നും വ്യക്തം. ലൈറ്റ് ഹൗസ് പോലെ തല കറക്കി എല്ലാരേം വീക്ഷിക്കുന്ന Deepu Thomas. വൻ ഗൂഢാലോചനകളിൽ മുഴുകി Jobin നും Austin നും. പതിവു പോലെ ബാക്ക് ബെഞ്ചിലെ കുരങ്ങനും കൂട്ടരും അന്താരാഷ്ട്ര ചർച്ചകളിലാണ്. എല്ലാരേം കൺമുന്നിലെന്ന പോലെ ഇന്നും കാണുന്നു. പക്ഷേ ആ കണ്ണടക്കാരിയുടെ കണ്ണുകളിൽ ആ Rainbow heart മാത്രം.

ആ പെൻഡന്റിന്ന് അവളുടെ ഓർമ്മകളിലേക്കുള്ള വാതിലാണ്. മഴവില്ലഴകുള്ള ഓർമ്മകളിലേക്കുള്ള ഹൃദയാകൃതിയിലുള്ള വാതിൽ.































Comments

Popular Posts