പിറന്നാൾ സമ്മാനം


 കുറച്ച് ദിവസങ്ങൾക്ക് മുൻപ് എൻ്റെ പിറന്നാളായിരുന്നു. അന്ന് Post ചെയ്യാനിരുന്ന കഥയാണ്. നടന്നില്ല... എന്നാ പിന്നെ ഇന്നാകാം എന്ന് കരുതി...

വർഷങ്ങൾക്ക് മുൻപ് അബുദാബി കോർണിഷ് ഹോസ്പിറ്റലിൽ ഞാൻ ജനിച്ച് ഏതാനം മണിക്കൂറുകൾ കഴിഞ്ഞപ്പോ അച്ഛൻ നാട്ടിലേക്ക് 2 telegram വിട്ടു - ഒന്ന് അച്ഛൻ്റെ വീട്ടിലേക്കും മറ്റേത് അമ്മേടെ വീട്ടിലേക്കും. Telegram ലഭിച്ചപ്പോ രണ്ടിടത്തേം പ്രതികരണം പിന്നീട് പലരും പറഞ്ഞറിഞ്ഞതാണ്.

അച്ഛൻ്റെ വീട് - CS നിവാസ് (കരിങ്ങോടത്തിട്ട) - ശാർക്കര - ചിറയിൻകീഴ്

അച്ഛൻ്റെ അപ്പുപ്പൻ മരിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ബന്ധുക്കളൊക്കെ കുടുംബ വീട്ടിൽ കൂടിയിട്ടുണ്ട്. അവിടേക്കാണ് postman കയറി വന്നത്. 

അന്നത്തെ കാലത്ത് ഗൾഫിൽ നിന്നും Telegram വഴി വരുന്ന വാർത്തകൾ ശുഭകരമാകാറില്ല. അതു കൊണ്ട് തന്നെ telegram എന്ന് കേട്ടതും അച്ചമ്മ നെഞ്ചത്തടിച്ച് കരയാൻ തുടങ്ങി. കാരണം അച്ചാമ്മേടെ 3 മക്കളും 2 മരുമക്കളും ഗൾഫിലാണേ. ആർക്കാ എന്താ സംഭവിച്ചേന്ന് അറിയില്ലല്ലോ. കരച്ചിലിന് കോറസ് എന്നോണം അച്ചാമ്മേടെ അനിയത്തിമാരും അലമുറയിൽ പങ്കു ചേർന്നു.

ഈ കോലാഹലം കേട്ടാണ് അപ്പച്ചി പുറത്തേക്ക് ഓടി വന്നത്. Telegram ഒപ്പിട്ട് വാങ്ങി വായിച്ചു. നാലേ നാല് വാക്കുകൾ - ANITHA DELIVERED BABY GIRL. അത് വായിച്ചതും അലക്കു കല്ലിന് മുകളിലേക്ക് ചാടിക്കയറി അപ്പച്ചി ഡാൻസ് തുടങ്ങി!

 സന്തോഷം കൊണ്ടാട്ടോ - അടുത്ത തലമുറയിലെ ആദ്യത്തെ പെൺതരി പിറന്നിരിക്കുന്നു. വാർത്ത പരന്നതോടെ മരണവീടിൻ്റെ ശോകഭാവം മാറി എല്ലാർടേം മുഖത്ത് പുഞ്ചിരി വിരിഞ്ഞു എന്നാണ് കഥ.

അമ്മേടെ വീട് - അനിതാ നിലയം - കണ്ടൽ പള്ളിക്ക് സമീപം - കണിയാപുരം

അമ്മാമ്മയും അപ്പുപ്പനും അദ്ധ്യാപകരാണ്. Postman എത്തുമ്പോ രണ്ടു പേരും വീട്ടിലില്ല. തൊട്ടടുത്ത LP സ്കൂളിലാണ് അമ്മാമ്മ പഠിപ്പിക്കുന്നത്. അവിടേക്ക് ചെന്ന് Postman telegram കൈമാറി. വിവരമറിഞ്ഞതും അമ്മാമ്മേടെ കണ്ണുകൾ നിറഞ്ഞൊഴുകി. അതും സന്തോഷം കൊണ്ടാട്ടോ - അമ്മാമ്മേടെ ആദ്യത്തെ ചെറുക്കുട്ടി പിറന്നിരിക്കുന്നു!

പതിവിലും നേരത്തെ വീട്ടിലേക്ക് മടങ്ങിയ അമ്മാമ്മ ധൃതിയിൽ സാരി മാറ്റി കൈലിയുടുത്ത് ഒരു തോർത്തും തോളിലേക്കിട്ട് തൊടിയിലേക്കിറങ്ങി. പുതുതായി വാങ്ങിയ പറമ്പിൽ നടാനായി പാകി കിളിർപ്പിച്ച് നിർത്തിയിരുന്ന മാവിൻ തൈകളിലൂടെ കണ്ണോടിച്ചു. 

നല്ലൊരു തൈ തിരഞ്ഞെടുത്ത് ഉമ്മറത്തു നിന്നും നോക്കിയാ കാണുന്ന രീതിയിൽ ഗേറ്റിനരികിലായി നട്ടു. 

വർഷങ്ങൾക്ക് ശേഷം വേനലവധിക്ക് ഞാൻ നാട്ടിലെത്തിയപ്പോ അമ്മാമ്മ ആ മരത്തെ പരിചയപ്പെടുത്തി തന്നു - ''മോൾടെ അതേ പ്രായമുള്ള മാവാ. മോള് ജനിച്ച ദിവസം ഞാൻ നട്ടതാ."

******************************

അച്ചാമ്മയും അമ്മാമ്മയുമെല്ലാം ഭൂമിയിൽ നിന്നും പോയി. എന്നാൽ ആ മാവിന്നും കണിയാപുരത്ത് തലയുയർത്തി നിൽപ്പുണ്ട്. ഒരു പക്ഷേ എൻ്റെ കാലശേഷവും അതവിടെ കാണും...

എൻ്റെ അമ്മാമ്മയുടെ സ്നേഹത്തിൻ്റെ പ്രതീകമായി... എനിക്ക് ലഭിച്ച ഏറ്റവും നല്ല ജന്മദിന സമ്മാനമായി...


Comments

Popular Posts