ഉട്ടോപ്യയിലെ ചെണ്ടുമുല്ലപ്പൂക്കൾ


വർഷം 1992. ഇന്ന് ഒരു യാത്ര പോവുകയാണ്. കണിയാപുരത്ത് കണ്ടൽ പള്ളിയുടെ അടുത്തുള്ള അനിതാ നിലയമെന്ന വീട്ടിലേക്ക് ഒരു യാത്ര.റോഡുവക്കിൽ നിന്നും ആരംഭിച്ച് പല തട്ടുകളായി താഴെ നെൽപ്പാടങ്ങളിൽ അവസാനിക്കുന്ന പുരയിടത്തിൽ ഈ വീട് പണിതത് 1960കളിലായിരുന്നു. ഇതാണ് ഭാസ്കരൻ സാറിന്റേയും സാവിത്രി ടീച്ചറുടേയും വീട്. രണ്ടു പേരും സർക്കാർ സ്കൂൾ അദ്ധ്യാപകരായിരുന്നു. വിരമിച്ചിട്ട് വർഷങ്ങളായി. വായനയിൽ അതീവ തൽപരർ. അപൂർവ്വ പുസ്തകങ്ങളുടെ ഒന്നാന്തരം ശേഖരമുണ്ട് ഈ വീട്ടിൽ.

ഗേറ്റ് തുറക്കുമ്പോൾ കാണുന്നത് ആ രാജമല്ലിപ്പൂക്കളാണ്. മതിലിനു പുറത്തേക്ക് പൂത്തുലഞ്ഞു കിടക്കുന്ന രാജമല്ലിപ്പൂക്കൾ. മുന്നോട്ട് നടക്കുമ്പോൾ കാണാം ആ പ്രദേശമാകെ പടർന്നു പന്തലിച്ച് തലയെടുപ്പോടെ നിൽക്കുന്ന ഒരു കൂറ്റൻ പുളിമരം. ഈ കുടുംബത്തിലെ കാരണവന്മാരെ അടക്കം ചെയ്ത സ്ഥാനത്താണ് പിന്നീട് ഈ പുളിമരം വളർന്ന് വന്നതെന്ന് സാവിത്രി ടീച്ചർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇടതു ഭാഗത്തു ഒരു ചെറിയ മാവ് കാണുന്നില്ലേ? ആദ്യത്തെ ചെറുകുട്ടി ജനിച്ചപ്പോൾ ആ സന്തോഷത്തിൽ സാവിത്രി ടീച്ചർ നട്ടതാണ് ആ മാവ്. ചെടികളും മരങ്ങളും ടീച്ചർക്ക് ജീവനാണ്. നടപ്പാതയുടെ ഇരുവശത്തും നിറയെ നാലു മണിപ്പുകൾ വിരിഞ്ഞു നിൽക്കുന്നു. പിന്നെ പല നിറത്തിലുള്ള ചെമ്പരത്തിപ്പൂക്കൾ. നിറയെ മരങ്ങളാണിവിടെ. നല്ല തണലും തണുപ്പും ശാന്തതയും.

മുന്നോട്ട് നടന്ന് ഒരു ചെറിയ ഗേറ്റ് കൂടി തുറന്ന് രണ്ട് പടി താഴേക്കിറങ്ങിയാൽ വീട്ടുമുറ്റമായി. അതിന്റെ ഒത്ത നടുക്ക് ഒരു വലിയ മാവുണ്ട്. അതിൽ നിറയെ മാമ്പഴവും. മുൻ വാതിൽ കടന്നാൽ ചെറിയ സ്വീകരണ മുറിയായി. അതിന്റെ വലത് വശത്ത് കാണുന്നത് ഭാസ്കരൻ സാറിന്റെയും സാവിത്രി ടീച്ചർടേയും മകനായ അജയന്റെ മുറിയിലേക്കുള്ള വാതിലാണ്. സ്വീകരണമുറിയുടെ അപ്പുറത്തുള്ള അരവാതിൽ തുറന്നാൽ വലിയ ഒരു മുറിയിൽ പ്രവേശിക്കാം. അതിഥികൾക്കുള്ള മുറിയാണിത്. പിന്നേം മുന്നോട്ട് നടക്കുമ്പോൾ കാണുന്നത് ഇവരുടെ മകളായ അനിതയുടെ മുറിയിലേക്കുള്ള വാതിലാണ്. ഇതൊരു ചെറിയ മുറിയാണ്. ഒരു കട്ടിലും അലമാരയും മാത്രമേയുള്ളൂ ഇവിടെ. ആ അലമാരയ്ക്കുള്ളിൽ നിറയെ പഴയ ആൽബങ്ങളാണ്. പിന്നെ ടീച്ചർടെ ചെറുമക്കളുടെ കുഞ്ഞുടുപ്പുകളും പഴയ കളിപ്പാട്ടങ്ങളും. ഈ അലമാരയുടെ മുന്നിലുള്ള കണ്ണാടിയിൽ തന്റെ പ്രതിഛായ നോക്കി നിൽക്കുന്ന കല്യാണവേഷത്തിലുള്ള അനിതയുടെ ഫോട്ടോ ഏതോ ആൽബത്തിൽ കണ്ടതായി ഓർക്കുന്നു. ഈ വീട്ടുമുറ്റത്തായിരുന്നു ആ കല്യാണം. 1979ൽ. ഇവിടെന്ന് വലത്തോട്ട് നടന്നാൽ ഊണ് മുറിയായി. അതിന്റെ അടുത്ത് മൂന്ന് മുറികൾ കൂടിയുണ്ട്. ഒരു കിടപ്പുമുറി, പത്തായപ്പുര പിന്നെ അടുക്കള. ഊണുമുറിയിൽ നിന്നും മുറ്റത്തേക്കിറങ്ങാം.

നേരെ മുന്നിൽ നിൽക്കുന്ന തെങ്ങ് കണ്ടോ?  ചെറുപ്പത്തിൽ ഈ തെങ്ങിന്റെ ഈർക്കിൽ കൊണ്ട് ധാരാളം അടി കിട്ടീട്ടുണ്ടെന്ന് അനിത പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു കുട്ടിയും ഇനിയങ്ങനെ അടിയേൽക്കാൻ പാടില്ലെന്ന് തീരുമാനിച്ചുറപ്പിച്ചതു പോലെ ആ തെങ്ങിന്ന് ആകാശത്തോളം പൊക്കത്തിൽ വളർന്നു നിൽക്കുന്നു. തെങ്ങിനു പുറകിലായി നിറയെ പൂത്തു നിൽക്കുന്ന പല നിറത്തിലുള്ള മൊസാന്ത. മതിലിനോട് ചേർന്ന് നിറയെ കായ്ച്ച് നിൽക്കുന്ന ഓമകളും സപ്പോട്ടാ മരങ്ങളും. പക്ഷേ ഇതൊന്നുമല്ല ഇവിടത്തെ പ്രധാന കാഴ്ച. വൃത്തിയായി നിരത്തി വച്ചിരിക്കുന്ന നൂറോളം ചെടിച്ചട്ടികളിൽ നിറയെ റോസാപ്പൂക്കൾ. പല നിറത്തിലും വലിപ്പത്തിലുമുള്ള മനോഹരമായ പൂക്കൾ. അവിടെ റോസാപ്പൂക്കളുടെ നറുമണം തങ്ങി നിൽക്കുന്നു.

തിരിച്ച് നടന്ന് സ്വീകരണ മുറിയുടെ ഇടതു വശത്ത് കാണുന്ന വഴിയിലൂടെ പിന്നാമ്പുറത്തേക്ക് നടക്കാം. ഇടത് ഭാഗത്ത് കായ്ച്ച് നിൽക്കുന്ന ചെറി മരവും ചാമ്പയും. ഒരു കിളിമരമുണ്ടിവിടെ. നിറയെ പൂക്കളുമായി അതിൽ പന്തലിച്ച അരിമുല്ലയും പിച്ചിയും. കനകാമ്പരവും അവിടെ പൂത്തു നിൽപ്പുണ്ട്. ഇവിടെന്ന് മുന്നോട്ട് നടന്ന് രണ്ടു പടി താഴേക്കിറങ്ങിയാൽ കിണറ്റിൻകരയായി. കിണറിനോട് ചേർന്ന് പഴയ രീതിയിലുള്ള മേൽക്കൂരയില്ലാത്ത കുളിമുറി. പുറത്തു നിന്ന് വെള്ളം കോരിയൊഴിച്ചാൽ കുളിമുറിക്കുള്ളിലെ ടാങ്ക് നിറയും. ഇവിടെയുള്ള തെങ്ങിൽ ചുറ്റിപ്പിടിച്ച് വളർന്ന ഒരു മുല്ലവള്ളിയുണ്ട്. അതിലെ പൂക്കൾ അടർന്ന് വീഴുന്നത് കുളിമുറിക്കുള്ളിലെ ടാങ്കിലാണ്. കുളിക്കാൻ ചെന്നാൽ മുല്ലപ്പൂവിന്റെ സുഗന്ധമുള്ള തണുത്ത വെള്ളമാണ് എപ്പോഴും.

ഇവിടെ നിന്ന് വലത്തേക്ക് നോക്കിയാൽ അടുക്കളയുടെ പിന്നാമ്പുറത്ത് കഴുകി കമഴ്ത്തി വച്ചിരിക്കുന്ന കുറേയധികം മൺചട്ടികൾ കാണാം. നിറയെ കായ്ച്ച് നിൽക്കുന്ന നിരവധി കാന്താരിച്ചെടികളും. ചമ്മന്തി അരയ്ക്കാനും സംഭാരത്തിൽ ചതച്ചിടാനും സാവിത്രി ടീച്ചർ ഓടി വന്ന് കാന്താരി നുള്ളിയെടുക്കുന്നത് ഈ ചെടികളിൽ നിന്നാണ്. മതിലിനോട് ചേർന്ന് ഒരു കോഴിക്കൂടും അതിന് ചുറ്റും നിന്ന് ചികയുന്ന കുറേ കോഴികളേം കാണാം.

മൂന്നാല് പടി കൂടിയിറങ്ങിയാൽ ഇടത് വശത്ത് വിറക് പുരയും വലത്ത് പശുത്തൊഴുത്തും കാണാം. മൂന്നു പശുക്കളും ഒരു ക്ടാവുമുണ്ട്. ആ കാണുന്ന മൂന്നാമത്തെ ഗേറ്റോടു കൂടി മതിൽകെട്ട് അവസാനിക്കുന്നു. ആ ഗേറ്റ് തുറന്ന് നാലഞ്ച് പടി താഴേക്കിറങ്ങിയാൽ തൊടിയായി. ഇവിടെ നിറയെ പ്ലാവും മാവും പരിങ്കാവും തെങ്ങുമാണ്. പ്ലാവിലെല്ലാം കുരുമുളക് വള്ളികൾ പടർത്തി വിട്ടിട്ടുണ്ട്. ഒരു തേൻവരിക്ക പ്ലാവുണ്ട്. അതിലെ ചക്ക മറ്റാർക്കും കൊടുക്കാതെ ചെറുമക്കൾക്കായി സാവിത്രി ടീച്ചർ മാറ്റി വയ്ക്കും. തൊടിയുടെ അതിർത്തിയിൽ കൈതച്ചെടികളാണ്. അതിനിടയിൽ പടർന്ന് കിടക്കുന്ന കാട്ടുപിച്ചിയുടെ വളളികളും. ആ കൈതച്ചെടികൾക്കപ്പുറം കണ്ണെത്താദൂരം വരെ നെൽപ്പാടങ്ങളാണ്. പാടങ്ങൾക്കിടയിലെ വരമ്പിലൂടെ നടന്നാൽ വെള്ളത്തിൽ ചെറുമീനുകളെ കാണാം.

1992 ൽ ഗൾഫിൽ നിന്നും വേനലവധിക്ക് നാട്ടിലെത്തിയ ഒരു നാലാം ക്ലാസുകാരി കണ്ട കാഴ്ചകളാണ് ഇതെല്ലാം. ഗൾഫിലെ വരണ്ട ഭൂപ്രകൃതി മാത്രം കണ്ടു ശീലിച്ച അവൾക്ക് നാട്ടിൽ ചുറ്റും കാണുന്നതെല്ലാം വിസ്മയമായിരുന്നു. പൂക്കളേയും മരങ്ങളേയും പച്ചപ്പിനേയും അവൾ സ്നേഹിച്ചു തുടങ്ങി. മണിക്കൂറുകളോളം അവൾ തൊടിയിലെ മരങ്ങൾക്കിടയിലൂടെ നടന്നു. പാടത്തെ ചെറുമീനുകളുമായി കൂട്ടുകൂടി. മരങ്ങൾക്കിടയിൽ കെട്ടിയ വലിയ ഊഞ്ഞാലിൽ മതിവരുവോളമാടി. ഭൂമിയിലെ ഏറ്റവും സുന്ദരമായ പ്രദേശമാണതെന്ന് അവൾക്ക് തോന്നി. അത് അവളുടെ ഉട്ടോപ്യയായി മാറി.

വർഷം 2017

വർഷങ്ങൾക്കു ശേഷം അനിതാ നിലയത്തിലേക്ക് വീണ്ടുമൊരു യാത്ര. ഇന്ന് ഈ വീട്ടിൽ ആരും താമസമില്ല. ഭാസ്കരർ സാറും സാവിത്രി ടീച്ചറും വർഷങ്ങൾക്കു മുമ്പേ മരിച്ചു. അനിത ഭർത്തൃഗൃഹത്തിലാണ്. വക്കീലാഫീസിൽ പോകാനുള്ള സൗകര്യാർഥം അജയൻ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി. എന്നാലും അവിടെ വരെ ഒന്നു പോകണമെന്ന് തോന്നി.

ആദ്യത്തെ ഗേറ്റ് പണ്ടത്തേ പോലെ അനായാസം തുറന്നില്ല. തളളി തുറക്കേണ്ടി വന്നു. നിറങ്ങളുടെ വസന്തക്കാഴ്ച മാഞ്ഞു പോയിരിക്കുന്നു. രാജമല്ലിപ്പൂക്കളില്ല, നാലുമണിപ്പൂക്കളില്ല, ചെമ്പരത്തിപ്പൂക്കളില്ല. ആ വലിയ പുളിമരത്തിന്റെ സ്ഥാനത്ത് ഒരു ചെറിയ വീട്. വരണ്ടുണങ്ങിയ ഭൂമി. ചുറ്റും പൊടി പറക്കുന്നു.

രണ്ടാമത്തെ ഗേറ്റും കടന്ന് മുറ്റത്തെത്തി. ആ മാവ് ഉണങ്ങിക്കരിഞ്ഞ് വൃദ്ധനെ പോലെ നിൽക്കുന്നു. റോസാച്ചെടികളെല്ലാം കരിഞ്ഞു പോയി. മൊസാന്ത ഒന്നു പോലും കാണാനില്ല. ആർക്ക് വേണ്ടി കായ്ക്കണം എന്നോർത്തിട്ടാകണം സപ്പോട്ട മരവും കായ്ക്കുന്നില്ല. വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു. കായ്ക്കാൻ മറന്നു പോയതാണോ ആ ചാമ്പയും ചെറി മരവും? കിണറ്റിൻ കരയിലെ മുല്ലവള്ളി ഉണങ്ങി പോയി. ഇനിയാർക്കും ഇവിടത്തെ മുല്ലപ്പൂ മണമുള്ള വെള്ളത്തിൽ കുളിക്കാനുള്ള ഭാഗ്യമില്ല.

കോഴിക്കൂട് പൊളിഞ്ഞു കിടക്കുന്നു. ഒരു വിറക് കൊള്ളി പോലുമില്ലാതെ വിറക് പുര. അനാഥമായി കിടക്കുന്ന കാലിത്തൊഴുത്ത്. അടുത്ത ഗേറ്റും കടന്ന് തൊടിയിലേക്കിറങ്ങി. അവിടത്തെ മരങ്ങൾ മിക്കതും വെട്ടിമാറ്റിയിരിക്കുന്നു. തേൻവരിക്ക പ്ലാവിന്റെ കുറ്റി പോലും ബാക്കിയില്ല. കൈതച്ചെടികൾക്കപ്പുറമുള്ള വയലുകളെല്ലാം മണ്ണിട്ട് നികത്തിക്കഴിഞ്ഞു. ചെറുമീനുകളെ കാണാമെന്ന പ്രതീക്ഷ അതോടെ അസ്തമിച്ചു.

ഭാരിച്ച മനസ്സുമായി തിരിച്ചു നടന്നു. ഇത്രയും വർഷം മനസ്സിൽ കൊണ്ടു നടന്ന പൂക്കളുടേയും മരങ്ങളുടേയും പച്ചപ്പിന്റെയും കാഴ്ചകൾ ഈ ഭൂമിയിൽ അവശേഷിക്കുന്നില്ല എന്ന സത്യം ഉൾകൊള്ളാൻ പ്രയാസമായിരുന്നു. അതെല്ലാം ഇനി ഓർമ്മയിൽ മാത്രം.

തിരിച്ച് മുറ്റത്തെത്തിയപ്പോൾ അതു വരെ ശ്രദ്ധിക്കാതിരുന്ന ഒന്നിൽ കണ്ണുടക്കി. കാലത്തേയും മനുഷ്യന്റെ അവഗണനയേയും വെല്ലുവിളിച്ചു കൊണ്ട് നിറയെ പുക്കളുമായി നിൽക്കുന്ന ഒരു ചെണ്ടുമുല്ലച്ചെടി. ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് സാവിത്രി ടീച്ചർ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും ചെണ്ടുമുല്ലയുടെ ഒരു വള്ളി കൊണ്ടു വന്നു നട്ടു. അത് വളർന്നപ്പോൾ അതിൽ നിന്നും വള്ളികൾ മുറിച്ചെടുത്ത് പലയിടത്തായി നട്ടു. അതിലൊരു ചെടിയാണ് ഈ പൂത്തു നിൽക്കുന്നത്. ചുറ്റുമുള്ള ചെടികളെല്ലാം ഉണങ്ങി മണ്ണിനോട് ചേർന്നപ്പോഴും ഈ ചെണ്ടുമുല്ലയെ മാത്രം ഏതോ അദൃശ്യശക്തി വാടാതെ നിലനിർത്തി. ആ പൂക്കൾ കണ്ടതോടെ മനസ്സിലെ ഭാരമെല്ലാം അപ്രത്യക്ഷമായി. ചെടിയിൽ നിന്നും രണ്ടു വള്ളികൾ ഒടിച്ചെടുത്ത് ഒന്നുകൂടി ചുറ്റും കണ്ണോടിച്ചിട്ട് ഞാൻ മടങ്ങി.

വർഷം 2020

ആ ചെണ്ടുമുല്ലയുടെ വള്ളികൾ ഇന്നെന്റെ മുറ്റത്ത് വളരുന്നു. കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഒരുപാട് കാര്യങ്ങൾ അതിലൂടെ ഞാൻ കാണുന്നു - ഭാസ്കരൻ സാർ, സാവിത്രി ടീച്ചർ, അനിതാ നിലയം, അവിടത്തെ മരങ്ങൾ, പൂക്കൾ, കുളിർമ, ശാന്തത..

ആ ചെടിയിലെ ഓരോ തളിരും ഓരോ ഓർമ്മപ്പെടുത്തൽ കൂടിയാണ്. പ്രിയപ്പെട്ടത് പലതും കാലം നമ്മിൽ നിന്നും തട്ടിപ്പറിക്കുമ്പോഴും പ്രതീക്ഷയോടെ മുന്നോട് ജീവിക്കാൻ എന്തെങ്കിലുമൊന്ന് കാലം ബാക്കി വച്ചിട്ടുണ്ടാകും.

ഉട്ടോപ്യയിലെ ചെണ്ടുമുല്ലപ്പൂക്കളാണ് കാലം എനിക്കായി കാത്തു വച്ചത്.

[ സാവിത്രി ടീച്ചർ എന്റെ അമ്മാമ്മയാണ്. അനിത എന്റെ അമ്മയും. ചിത്രത്തിൽ കാണുന്നത് ഭാസ്കരൻ സാർ, സാവിത്രി ടീച്ചർ, അനിത, അജയൻ, പിന്നെ ഞാനും.]

Comments

Popular Posts