നിലാവ്

വർഷം 1996. റാസ് അൽ ഖൈമയിലെ ഇന്ത്യൻ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസാണ് വേദി. വിഷയം ഇംഗ്ലീഷ്. ക്ലാസെടുക്കുന്നത് ഗോപാലകൃഷ്ണൻ സർ. ഗംഭീരമായ സ്വരവും മനോഹരമായ accent ന്റും ഭാഷയോടുള്ള അഗാധമായ സ്നേഹവും സാറിന്റെ ക്ലാസുകളെ വേറിട്ടതാക്കി. സർ സംസാരിക്കുന്നത് വെറുതെ കേട്ടിരിക്കാൻ തന്നെ എന്ത് രസമായിരുന്നൂന്നോ!

അന്നത്തെ ക്ലാസിൽ സർ പഠിപ്പിച്ചത് Alfred Noyes എന്ന കവിയുടെ 'The Highwayman' എന്ന വിഖ്യാതമായ കവിതയാണ്. ഈ പ്രണയകാവ്യത്തിലെ നായകനായ കൊള്ളക്കാരനെ തടവിലാക്കാനായി ഏറെക്കാലമായി നിയമപാലകർ  വലവിരിച്ചു കാത്തിരിക്കുകയാണ്. ഒടുവിൽ അവന്റെ കാമുകി വഴി അവനിലെത്താമെന്ന് അവർ കണക്ക് കൂട്ടുന്നു. പൂർണ്ണചന്ദ്രനുദിച്ചു നിൽക്കുന്ന നിലാവുള്ള രാത്രിയിൽ അവളെ കാണാൻ അവനെത്തുമെന്ന് നേരത്തെ വാക്കു കൊടുത്തിരുന്നു. അവൻ പറഞ്ഞു:
"Look for me by moonlight
Watch for me by moonlight
I'll come to thee by moonlight
Though hell should bar the way."

ഗോപാലകൃഷ്ണൻ സാറിന്റെ മുഴക്കമുള്ള ശബ്ദത്തിൽ കേട്ട ഈ വരികൾ എന്തുകൊണ്ടോ മനസ്സിൽ പതിഞ്ഞു. ഇന്നും ഈ വരികൾ ഓർക്കുമ്പോൾ അത്ഭുതകരമായ തെളിമയോടെ സാറിന്റെ ശബ്ദം മനസ്സിൽ മുഴങ്ങും. കൊള്ളക്കാരനായ കാമുകൻ തന്റെ പ്രണയിനിക്ക് കൊടുക്കുന്ന വാക്കാണ് ഈ വരികളിൽ വിവരിക്കുന്നത്. 'നിലാവുള്ള രാത്രിയൽ വിജനമായ വഴിയിലേക്ക് എന്നേം നോക്കി നീ ജനാലയ്ക്കരികിൽ നിൽക്കുക; പൂർണ്ണചന്ദ്രന്റെ വെള്ളിവെളിച്ചത്തിൽ നീ എന്നെ കാത്തിരിക്കുക; നരകത്തിലെ ദുഷ്ടശക്തികൾ മുഴുവനും എനിക്കെതിരെ തിരിഞ്ഞാലും, ആ നിലാവെട്ടത്തിൽ നിന്നെ കാണാൻ ഞാനെത്തും.' ഈ വരികളിലെ പ്രണയം, തീവ്രത, ദൃഢനിശ്ചയം, ആത്മാർത്ഥത എന്നിവ എന്നെ വല്ലാതെ സ്പർശിച്ചു. ആ നീളൻ കവിതയിലെ ഈ നാല് വരികൾ മനസ്സിൽ അലയടിച്ചു കൊണ്ടേയിരുന്നു. സ്കൂൾ കാലത്ത് പഠിക്കുന്ന വളരെ കുറച്ച് വരികൾ മാത്രമേ ജീവിതകാലം മുഴുവൻ നമ്മോടൊപ്പം കാണൂ. അത്തരത്തിലുള്ള നാല് വരികളാണിത്. കാമുകിയെ കാണാൻ കുതിരപ്പുറത്ത് പായുന്ന കൊള്ളക്കാരനും അവനെ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന പ്രണയിനിയും എന്റെ മനസ്സിൽ ജീവനുള്ള കഥാപാത്രങ്ങളായി. അവരുടെ പ്രണയത്തിലും വിരഹത്തിലും കാത്തിരിപ്പിലുമെല്ലാം ഞാനും പങ്കാളിയായി.

കവിതയുടെ ക്ലൈമാക്സിൽ നിയമപാലകർ കാമുകിയെ ബന്ധനസ്ഥയാക്കി അവളുടെ നെഞ്ചിനു നേരെ ഒരു തോക്ക്  വച്ച് ഭീഷണിപ്പെടുത്തി, അവളുടെ വീട്ടിൽ കൊള്ളക്കാരനെ കാത്തിരിക്കുന്നു. നിലാവെളിച്ചത്തിൽ കുതിരപ്പുറത്ത് അവൻ പ്രത്യക്ഷപ്പെടുമ്പോൾ കാമുകി സ്വയം വെടിവെച്ച് അവന് അപായസൂചന നൽകുന്നു. രക്തത്തിൽ കുളിച്ച് ജനാലയ്ക്കരികിൽ നിൽക്കുന്ന രുപത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും, വെടിയൊച്ച കേട്ടപ്പോൾ കൊള്ളക്കാരൻ വേഗം ദിശ മാറ്റി തിരിച്ചു പോയി. മരിച്ചത് തന്റെ പ്രണയിനിയാണെന്ന് പിന്നീട് അറിയുന്ന കൊള്ളക്കാരൻ ഒരു ഭ്രാന്തനെ പോലെ അവളുടെ വീട്ടിലേക്ക് കുതിച്ചപ്പോൾ നിയമപാലകരുടെ വെടിയേറ്റ് മരിക്കുന്നു. പക്ഷേ കവിത അവിടെ അവസാനിക്കുന്നില്ല. നിലാവുള്ള രാത്രികളിൽ ഇന്നും ഒരു കുതിരയുടെ കുളമ്പടി ശബ്ദം കേൾക്കാമെന്നും ആ കാമുകിയുടെ ജനാലയ്ക്കരികിൽ നിന്ന് ഒരു നിഴൽ രൂപം ആ നാല് വരികൾ മന്ത്രിക്കുന്നതും കേൾക്കാമത്രേ!

ഇന്നും നിലാവ് കാണുമ്പോൾ ഞാൻ കുതിരയുടെ കുളമ്പടി ശബ്ദം കേൾക്കുന്നു. കുതിരപ്പുറത്തിരുന്ന് വിജനമായ വീഥിയിലൂടെ കുതിക്കുന്ന കൊള്ളക്കാരനും, അയാളെ കാത്ത് ജനാലയ്ക്കരികിൽ നിൽക്കുന്ന കാമുകിയുടെ രൂപവും മനസ്സിൽ തെളിയുന്നു. ഒപ്പം ഗോപാലകൃഷ്ണൻ സാറിന്റെ മുഴങ്ങുന്ന ശബ്ദത്തിൽ ആ നാല് വരികളും.
"Look for me by moonlight
Watch for me by moonlight
I'll come to thee by moonlight
Though hell should bar the way."

ഇന്നെനിക്ക് നിലാവെന്നാൽ പ്രണയത്തിന്റെ പ്രതീകമാണ്. നിഗൂഢവും അനശ്വരവുമായ ആ പ്രണയനിലാവിന്റെ ലഹരി അറിഞ്ഞവർ പക്ഷേ വിരളം.

Comments

Popular Posts