കൂടെപ്പിറപ്പ്

ആരാണ് കൂടെപ്പിറപ്പ്? ഒരേ അമ്മയുടെ വയറ്റിൽ നിന്നും പിറവിയെടുത്ത സഹോദരൻ/സഹോദരി എന്നാകും പൊതുവെയുള്ള മറുപടി. രക്ത ബന്ധത്തിന്റെ സുദൃഢമായ സ്നേഹച്ചരടിൽ കോർത്ത മുത്തുകൾ. ഇണങ്ങിയും പിണങ്ങിയും പരസ്പരം താങ്ങായും തണലായും ആശ്വാസമായും ശക്തിയായും കൂടെ നിൽക്കുന്നവർ. ബാല്യകാലത്തെ പറ്റി ഒരേ ഓർമ്മകൾ പങ്കു വയ്ക്കുന്നവർ. ഒരു നോട്ടം കൊണ്ട് ഉള്ളിലെ സത്യം മനസ്സിലാക്കുന്നവർ. പാതിരാത്രി വിളിച്ചുണർത്തി സങ്കടങ്ങൾ പറയുമ്പോൾ ക്ഷമയോടെ കേൾക്കുന്നവർ. പ്രത്യേകിച്ച് വിശേഷമൊന്നും ഇല്ലെങ്കിലും വെറുതെ വിളിച്ച് മണിക്കൂറുകളോളം സംസാരിക്കുന്നവർ. കൂടെപ്പിറപ്പെന്നാൽ ഇതൊക്കെയാണ്. ഇതിലുപരി യും എന്തൊക്കെയോ ആണ്. അറിയാം.

പക്ഷേ എന്റെ സംശയം മറ്റൊന്നാണ്. കൂടെപ്പിറക്കാത്തവരെ കുറിച്ചാണ്. കൂടെപ്പിറക്കാതെ ഒരു കൂടെപ്പിറപ്പിന്റെ സ്നേഹവും കരുതലും തരുന്നവരെ എന്തു വിളിക്കും? മനസ്സിലെ ആശങ്കകളകറ്റി ജീവിതത്തിൽ പ്രതീക്ഷയും പ്രകാശവും സന്തോഷവും നിറയ്ക്കുന്നവരെ എന്തു വിളിക്കും? സ്വന്തം സഹോദരങ്ങൾക്ക് കഴിയാത്ത ആഴത്തിൽ നമ്മളെ മനസ്സിലാക്കുന്നവരെ എന്തു വിളിക്കും? നമ്മുടെ ഉള്ളിലെ ഏറ്റവും നിഗൂഡമായ രഹസ്യങ്ങൾ നമ്മളേക്കാൾ നന്നായി സൂക്ഷിക്കുന്നവരെ എന്തു വിളിക്കും? നമ്മൾ മനസ്സിൽ കാണുന്നത് മാനത്ത് കാണുന്നവരെ എന്തു വിളിക്കും? 'നീ ഹാപ്പിയല്ലേ' എന്ന് ദിവസവും മറക്കാതെ ചോദിക്കുന്നവരെ എന്തു വിളിക്കും? ലോകം മുഴുവൻ നമുക്കെതിരെ തിരിയുമ്പോഴും നമ്മളിൽ ഉറച്ചു വിശ്വസിക്കുന്നവരെ എന്തു വിളിക്കും? മരണത്തിന്റെ ഇരുട്ടിൽ അലിഞ്ഞില്ലാതാകാൻ കൊതിക്കുന്ന നിമിഷങ്ങളിൽ ജീവിതത്തിന്റെ പ്രകാശത്തിലേക്ക് തിരികെ നയിക്കുന്നവരെ എന്തു വിളിക്കും?

ഇങ്ങനെ ചിലരെയാണ് അക്ഷരം തെറ്റാതെ കൂടെപ്പിറപ്പുകളെന്ന് ഞാൻ വിളിക്കുന്നത്. മുജ്ജന്മസുകൃതമാണോ അതോ ജന്മാന്തര ബന്ധമാണോന്ന് നിശ്ചയമില്ല. ഇങ്ങനെ കൂടെപ്പിറപ്പുകളെ തന്നതിന് ദൈവത്തോട് എങ്ങനാ നന്ദി പറയേണ്ടതെന്നും നിശ്ചയമില്ല. എന്നാലും നന്ദി പറയാറുണ്ട്. എന്നും.

Comments

Popular Posts