സച്ചു വന്ന ദിവസം
സച്ചു ഇന്ന് വീട്ടിൽ വന്നു. എൻ്റെ മക്കളെ 'നാട്ടു നാട്ടു' സ്റ്റെപ്പ് പഠിപ്പിച്ചു. കുറച്ച് ഭരതനാട്യം കളിച്ചു, കുറച്ച് കഥകളിയും. ഒരു കുതിരയെ വാങ്ങാൻ ചില്ലറത്തുട്ടുകൾ കൂട്ടി വയ്ക്കുന്ന കാര്യം പറഞ്ഞു. അവന് ഇഷ്ടപ്പെട്ട പാട്ടുകൾ കേൾപ്പിച്ചു തന്നു. ഇടയ്ക്കിടെ തോളിൽ കൈയിട്ട് വെറുതെ ചേർന്നു നിന്നു. എന്തിനേറെ പറയുന്നു.. മുട്ട് കുത്തി നിന്ന് , propoal സ്റ്റൈലിൽ എന്നോട് 'I love you' വരെ പറഞ്ഞു! ഇവിടെ ചിലവിട്ട ഇത്തിരി നേരം കൊണ്ട് പ്രകാശവും പുഞ്ചിരിയും പടർത്തിയ ഒരു pure soul...
ശ്രദ്ധിച്ചിട്ടില്ലേ, ഇപ്പോ സാധാരണ ഗതിയിൽ രണ്ട് പേർ സംസാരിക്കുമ്പോ എന്താ പറയാറ്? സാമ്പത്തിക പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, കുടുംബത്തിലെ കലഹങ്ങൾ, ജോലിയുടെ സമ്മർദ്ദം, ഭക്ഷണത്തിന് രുചി പോരാ, കുട്ടികൾക്ക് അനുസരണ പോരാ, പങ്കാളിക്ക് ഉത്തരവാദിത്തം പോരാ.... ആകെ മൊത്തം പ്രശ്നമയം. അല്ലേ?
സച്ചു അങ്ങനല്ല. അവന് പങ്കു വയ്ക്കാൻ സന്തോഷങ്ങൾ മാത്രമേയുള്ളൂ. സ്കൂളിൽ നെഹ്റു വേഷത്തിൽ സ്റ്റേജിൽ കയറി കയ്യടി വാങ്ങിയ കഥ, പരമശിവനോടും മുത്തപ്പനോടുമുള്ള ആരാധന, എന്നെങ്കിലും ജീവനുള്ളൊരു വെള്ളക്കുതിരയെ വാങ്ങുമെന്നുള്ള സ്വപ്നം, അവൻ്റെ കാര്യങ്ങൾ ചെറിയ രീതിയിലെങ്കിലും സ്വന്തമായി ചെയ്യാൻ കഴിയുന്നതിലെ അഭിമാനം.. എല്ലാം സന്തോഷങ്ങൾ മാത്രം...
സത്യത്തിൽ ഇതല്ലേ നമ്മളും കണ്ടു പഠിക്കേണ്ടത്? എത്ര വല്യ ഇരുട്ടിലും ദൈവം കെടാതെ നിർത്തുന്ന ആ ഇത്തിരി വെട്ടമല്ലേ നമ്മൾ കാണേണ്ടത്? സങ്കടക്കടലിനക്കരെ തുഴഞ്ഞു പോകാൻ നൽകുന്ന പ്രതീക്ഷയുടെ നൗകയല്ലേ നമ്മൾ ആഘോഷിക്കേണ്ടത്? ഏത് വിഷമഘട്ടത്തിലും ഒപ്പം നിൽക്കാൻ ഒരാളുണ്ടെങ്കിൽ അതല്ലേ ഭാഗ്യമായി കരുതേണ്ടത്? Seriously, we need to stop sulking and start counting our blessings...
പോകാൻ നേരം സച്ചു എൻ്റെ മൂത്ത മോനെ കെട്ടിപ്പിടിച്ച് കുറച്ചു നേരം നിന്നു. എന്നിട്ട് പറഞ്ഞു," നമ്മൾ friends ആണ്...'' ഞങ്ങളൊക്കെ അവൻ്റെ ആരാണെന്ന് പോലും ഒരു പക്ഷേ സച്ചുവിന് അറിയില്ലായിരിക്കാം... അന്നേരം സുധർമ്മ ചേച്ചി പറഞ്ഞ പോലെ, 'രക്തം രക്തത്തെ തിരിച്ചറിഞ്ഞതാവും'. ആയിരിക്കോ? അറിയില്ല..
എന്നാൽ ഒരു തരി നെഗറ്റിവിറ്റിയോ, അസൂയയോ, ദേഷ്യമോ, ജാഡയോ ഒന്നുമില്ലാത്ത ഒരു കുഞ്ഞ് അത് പറഞ്ഞപ്പോ... അത്ഭുതം തോന്നി. ഇത്രയേ വേണ്ടൂ ജീവിതം ഉഷാറാകാൻ.... ചിരിക്കുക, ചിരിപ്പിക്കുക, സന്തോഷങ്ങൾ പങ്കു വയ്ക്കുക, ചേർത്ത് നിർത്തി ഹൃദയത്തിൽ നിന്നും രണ്ട് വാക്ക് പറയുക. അതു മതി!
അതാണ് സച്ചു പഠിപ്പിച്ച പാഠം. God Bless you my child. ങാ, പിന്നെ.. I love you too!
Comments