പാട്ടോർമ്മകൾ


 ഹരിപ്പാട് ക്ഷേത്രനഗരിയാണ്. എവിടേക്ക് തിരിഞ്ഞാലും ക്ഷേത്രങ്ങൾ. ഇപ്പോ ഉത്സവ കാലമാണെങ്ങും. വെളുപ്പിന് 3 മണി മുതൽ എം എസ് സുബ്ബലക്ഷ്മിയുടെ 'കൗസല്യാ സുപ്രഭാതം' മുഴങ്ങി കേൾക്കും... പിന്നെ 'വായന' തുടങ്ങും...


ഞാൻ കാതോർത്തിരിക്കുന്നത് ഇതിനൊന്നുമല്ല... വായനയുടെ ഇടവേളകളിൽ സിനിമാപ്പാട്ടുകൾ കേൾക്കാം. അതും 90s ലെ മലയാളം ഗാനങ്ങൾ. അപ്പോ ഓർമ്മകൾ തിരയടിച്ചുണരും.

ഇന്നലെ 'എന്നും നിന്നെ പൂജിക്കാം' കേട്ടപ്പോ അച്ഛൻ്റേം അമ്മേടേം ഒപ്പം ' അനിയത്തിപ്രാവ് ' കാണാൻ പോയതും ആദ്യമായി ബിഗ് സ്ക്രീനിൽ ചാക്കോച്ചിയെ കണ്ടതും ഓർത്തു...

'ഒരു മുറൈ വന്ത് പാർത്തായാ' കേട്ടപ്പോ 1994 ൽ ദുബായിലെ ഓണപ്പരിപാടികൾക്കിടയിൽ ഞാനും അനുവും ശോഭന മാഡത്തെ നേരിൽ കണ്ടതും പരിചയപ്പെട്ടതും ഓർത്തു..

'ഞാറ്റുവേലക്കിളിയേ' കേട്ടപ്പോ ഓർക്കെസ്ട്രയിൽ കീബോർഡിസ്റ്റായി പ്രവർത്തിച്ച കാലവും, ഈ ഗാനം നിരവധി വേദികളിൽ ഗംഭീരമായി അനു അവതരിപ്പിച്ചതും ഓർത്തു...

'ശശികല ചാർത്തിയ' കേട്ടപ്പോ സ്കൂളിലെ വാർഷിക ദിനത്തിലെ നൃത്തം ഓർത്തു...

'അപ്പുക്കുട്ടാ തൊപ്പിക്കാരാ' കേട്ടപ്പോ  ബംഗ്ലാദേശി സഹപാഠി Bilkis Akhter നേം പഞ്ചാബി സഹപാഠി സത്പാൽ സിംഗിനേം ഈ പാട്ട് പഠിപ്പിക്കാൻ ശ്രമിച്ചതും, ഒടുവിൽ അവരതിൽ തോന്നിയ പോലെ എന്തൊക്കെയോ വാക്കുകൾ കയറ്റി ട്യൂൺ ഒപ്പിച്ച് പാടിയതും ഓർത്തു...

'എന്തിന് വേറൊരു സൂര്യോദയം' കേട്ടപ്പോ ഒരാൾ ടിഷ്യൂ പേപ്പറിൽ എഴുതി എൻ്റെ ബുക്കിൽ മടക്കി വച്ചിട്ടു പോയ കുറിപ്പ് ഓർത്തു..

'നിലാവിൻ്റെ നീലഭസ്മക്കുറി' കേട്ടപ്പോ ചിലരിലേക്ക് നീളുന്ന അദൃശ്യമായ ആ ചരട് ഓർത്തു..

സുന്ദരമായ ഇന്നലെകളിലേക്ക് ഒരു വാതിലാണ് ഈ ഗാനങ്ങൾ.. കുറച്ച് ദിവസമായി എൻ്റെ മുഖത്ത് സദാസമയമുളള ആ ചെറുപുഞ്ചിരി (അതോ കള്ളച്ചിരിയോ?) എന്തുകൊണ്ടാന്ന് ഇപ്പോ പിടികിട്ടിയോ?

Comments

Popular Posts