ചിത്ത ഓർമ്മിപ്പിച്ചത്


 

'ചിത്ത'. അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഹൃദയസ്പർശിയായ ഒരു ചിത്രം. എനിക്കതിൽ ഏറ്റവും relate ചെയ്യാൻ കഴിഞ്ഞത് ചിത്തയും സുന്ദരിയും തമ്മിലുള്ള ബന്ധമാണ്. 

എൻ്റേം ബാല്യം ഇതുപോലായിരുന്നു. മാതാപിതാക്കളേക്കാൾ എന്നെ കൊണ്ട് നടന്നതും, ഭക്ഷണം കഴിപ്പിച്ചതും, കറങ്ങാൻ കൊണ്ടു പോയതും കൊച്ചച്ഛന്മാരാണ്. ഒന്നും രണ്ടുമല്ല, എട്ട് കൊച്ചച്ഛന്മാരാണെനിക്ക്! ഞാൻ ജനിച്ച ദിവസം മുതൽ കണ്ട് വളർന്നത് അതിൽ ഏറ്റവും മൂത്ത രണ്ടു പേരാണ് - ഉണ്ണി കൊച്ചച്ഛനും ചന്തു കൊച്ചച്ഛനും.

അന്നൊക്കെ അച്ഛനും അമ്മയും കടുത്ത സിനിമാപ്രേമികളായിരുന്നു. പുതിയ മലയാള സിനിമകളെല്ലാം തിയറ്ററിൽ പോയി കാണും. എൻ്റെ വരവോടെ ഈ പതിവ് തെറ്റി. തിയറ്ററിൽ സിനിമ തുടങ്ങുമ്പോ ഞാൻ കരയാൻ തുടങ്ങും. അവർ സിനിമ കാണാതെ മടങ്ങും. 3-4 പ്രാവശ്യം ഇതാവർത്തിച്ചപ്പോ കൊച്ചച്ഛന്മാർ പറഞ്ഞു: കുഞ്ഞിനെ ഞങ്ങൾ നോക്കാം. നിങ്ങള് സിനിമയ്ക്ക് പൊക്കോ. അങ്ങനെ സിനിമയുള്ള ദിവസങ്ങളിൽ എന്നേം കൊണ്ട് കൊച്ചച്ഛന്മാർ പാർക്കിലെത്തും. അവിടെ ഓടി നടക്കുന്ന കുട്ടികളെ നോക്കിയിരുന്ന് എൻ്റെ സമയം പോകും. കുഞ്ഞു പ്രായത്തിലെ എൻ്റെ ഏറ്റവും നല്ല Pics ഇങ്ങനെയുണ്ടായതാണ്.

ഒന്നര വയസ്സിൽ ആദ്യമായ് കേരളത്തിൽ വന്നത് ഉണ്ണി കൊച്ചച്ഛനൊപ്പമാണ്. 10 ദിവസത്തെ tour. വീട്ടിൽ പോകണമെന്നോ അമ്മെ കാണണമെന്നോ ഞാൻ ഒരിക്കൽ പോലും പറഞ്ഞില്ല. കൊച്ചച്ഛനുളളപ്പോ എനിക്ക് വേറാരും വേണ്ടായിരുന്നു.

ആദ്യമായി എൻ്റെ കൈ പിടിച്ചു അക്ഷരമെഴുതിച്ചത് ചന്തു കൊച്ചച്ഛനാണ്. പക്ഷേ അതിൻ്റെ പേരിൽ ആ പാവം എന്തെല്ലാം പഴി കേട്ടെന്നോ. " പത്താം ക്ലാസിൽ പഠിപ്പ് അവസാനിപ്പിച്ച നീയെന്തിനാ ആ കുഞ്ഞിനെ അക്ഷരം എഴുതിച്ചത്?" എന്നായിരുന്നു ഒരു കാരണവരുടെ ചോദ്യം. അന്നേരം ഒന്നും മിണ്ടിയില്ലെങ്കിലും 14 വർഷങ്ങൾക്കപ്പുറം കൊച്ചച്ഛൻ അതിനുള്ള മറുപടി കൊടുത്തു- ഞാൻ പത്താം ക്ലാസ് distinction നോടെ ജയിച്ച വിവരം കൊച്ചച്ഛൻ തന്നെ ആ കാർന്നോരെ വിളിച്ചറിയിച്ചു. ഒപ്പം ഒന്നു കൂടി പറഞ്ഞു: ഞാൻ കൊണ്ടു നടന്ന് വളർത്തി, എൻ്റെ നെഞ്ചിൽ കിടന്നുറങ്ങിയ കുഞ്ഞാ അവള്. ആ ഞാൻ കൈപിടിച്ച് എഴുതിച്ചെങ്കിൽ അതുകൊണ്ടവൾ നന്നായിട്ടേയുള്ളൂ. എൻ്റെ കുഞ്ഞത് തെളിയിച്ച് തന്നില്ലേ?"

ഇങ്ങനെ കുറേയുണ്ട് കൊച്ചച്ഛൻ കഥകൾ. ചിത്ത കണ്ടപ്പോ കൊച്ചച്ഛന്മാരെ വല്ലാതെ miss ചെയ്യുന്നു. ശ്ശോ! വലുതാവണ്ടായിരുന്നു... എൻ്റെ കൊച്ചച്ഛന്മാരുടെ സ്നേഹത്തണലിൽ പാർക്കിൽ കുത്തിമറിയുന്ന ആ രണ്ടു വയസുകാരി ആയാൽ മതിയെനിക്ക്!!

N.B. ചിത്രത്തിൽ കാണുന്നത് ചന്തു കൊച്ചച്ഛനൊപ്പം ഒരു കസിൻ്റെ പിറന്നാളാഘോഷം

Comments

Popular Posts