ഷേറുവിൻ്റെ പരാക്രമങ്ങൾ
സമയം 4:00am. ഒരു തേങ്ങ പൊതിച്ചെടുക്കാനായി ഞാൻ അടുക്കള വാതിൽ തുറന്ന് പുറത്തേക്കിറങ്ങുന്നു. കൂട്ടിൽ ഉറങ്ങിക്കിടന്ന ഷേറു ചാടിയിറങ്ങി തേങ്ങാപ്പുരയിലേക്ക് കുതിക്കുന്നു. വാതിൽ തള്ളിത്തുറന്ന് അതിനുള്ളിൽ പുലി, കരടി, ആന തുടങ്ങിയവയൊന്നും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം എന്നെ കടത്തി വിടുന്നു. തേങ്ങയുമായി ഞാൻ തിരിച്ച് അടുക്കളയിൽ കയറുന്നതു വരെ എൻ്റൊപ്പം നടന്ന ഷേറു കൂട്ടിലേക്ക് മടങ്ങുന്നു.
സമയം 5:30am. ഒരു തണ്ട് കറിവേപ്പില ഒടിക്കാൻ ഞാൻ മുറ്റത്തേക്കിറങ്ങുന്നു. ഷേറു (ഇല്ലാത്ത) സട കുടഞ്ഞെഴുന്നേറ്റ് കറിവേപ്പിൻ കൂട്ടം ലക്ഷ്യം വച്ച് പായുന്നു. അവിടെ പാമ്പ്, പെരുച്ചാഴി, അന്യഗ്രഹ ജീവികൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം എന്നെ അടുപ്പിക്കുന്നു. കറിവേപ്പിലയുമായി ഞാൻ തിരികെ പോകും വഴി ജാഗരൂകനായി ചുറ്റും നോട്ടം പായിച്ചു കൊണ്ട് എന്നെ സേഫായി അകത്തെത്തിക്കുന്നു.
സമയം 6:30am. കൊച്ചു ട്യൂഷന് പോകാനിറങ്ങുന്നു. ഷേറു ചാടിയിറങ്ങി വന്ന് അടുക്കള വാതിൽക്കൽ ക്ഷമയോടെ കാത്തിരിക്കുന്നു. അവൻ്റെ പതിവ് chew കിട്ടിയപ്പോ അതും കടിച്ച് പിടിച്ച് നേരെ ഗേറ്റിനരികിലേക്ക് കൊച്ചു പോകുന്നതും നോക്കിയിരിക്കുന്നു. പിന്നെ കൂട്ടിലേക്ക് മടങ്ങുന്നു.
സമയം 7:00am. ഉണ്ണി ട്യൂഷന് പോകാനിറങ്ങുന്നു. ഷേറു കൂട്ടിനുള്ളിൽ മലർന്ന് കിടന്ന് ഉറങ്ങുന്നു. You see, 6:30 വരെയാണ് അവൻ സ്വയം നിശ്ചയിച്ചിരിക്കുന്ന അവൻ്റെ duty time. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചാലും അവൻ കണ്ട ഭാവം നടിക്കില്ല. ഉച്ചയ്ക്ക് ഉണ്ണാൻ വേണ്ടിയേ ഇനി അവൻ ഉണരൂ... ചോദിച്ചാ പറയും work- life balance ചെയ്യുവാന്ന്. എന്താല്ലേ?
N.B. അതിരാവിലത്തെ വെളിച്ചക്കുറവും എൻ്റെ ഓട്ടപ്പാച്ചിലും കാരണം ഷേറുവിൻ്റെ പരാക്രമങ്ങൾ record ചെയ്യാൻ സാധിക്കാറില്ല. ഇതവൻ്റെ ഒരു പഴയ video ആണ്. ഇത് കൊണ്ട് തൃപ്തിപ്പെടുക!
Comments