ദൗലത്ത് ബീഗം പഠിപ്പിച്ചത്..
"രാവിലെ മക്കൾ എഴുന്നേറ്റു കഴിഞ്ഞാൽ കുറേ നേരം അവരെ കെട്ടിപ്പിടിച്ചു നിൽക്കണം. ദൈവത്തോട് നന്ദി പറയണം." വാക്കുകൾ ദൗലത്ത് ബീഗത്തിന്റെതാണ്. പ്രശസ്തമായ എഞ്ചിനീറിംഗ് കോളേജിലെ lecturer ആണ് ദൗലത്ത് മാഡം. ഒരു academic പേപ്പറിന്റെ content writing നു വേണ്ടി എന്നെ സമീപിച്ചതാണ്. പരിചയപ്പെട്ട ആദ്യ ദിവസം എന്നോട് പറഞ്ഞതാണാ വാക്കുകൾ.
പക്ഷേ ഞാനൊരു സാധാരണ സ്ത്രീയല്ലേ? അപ്പോ ആ രീതിയിലല്ലേ എന്റെ ചിന്തകൾ പോകൂ? 'ഈ സ്ത്രീ എന്തുവാ ഈ പറയണേ? രാവിലെ നൂറു കൂട്ടം ജോലിയുള്ളപ്പോ മക്കളേം കെട്ടിപ്പിടിച്ചു നിന്നാൽ എങ്ങനാ?' എന്ന് തന്നെ ചിന്തിച്ചു.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജീവിതത്തിലെ ഒരനുഭവം മാഡം പങ്കുവയ്ച്ചു - രണ്ടു പെൺമക്കൾക്കു ശേഷം ഒരു ആൺകുഞ്ഞിനെ കിട്ടിയതും, വെറും ഒന്നര വയസ്സുള്ളപ്പോ ആ കുഞ്ഞിനെ ദൈവം തിരികെ വിളിച്ചതും. മാഡത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ "ഒരു ദിവസം രാവിലെ ഞാനുണർന്നപ്പോൾ അവൻ എന്റെ അരികിൽ കിടന്നുറങ്ങുന്നതു കണ്ടു. പിറ്റേ ദിവസം അതേ നേരമായപ്പോ എന്റെ മോൻ മരിച്ച്, അവന്റെ ഖബറടക്കവും കഴിഞ്ഞ്, അവൻ കിടന്നിരുന്ന ഇടം കട്ടിലിൽ ശൂന്യമായിരുന്നു. ഇത്രയേ കാണുള്ളൂ ചിലപ്പോ നമുക്ക് കിട്ടുന്ന ചില അനുഗ്രഹങ്ങളുടെ ആയുസ്സ്. അതു കൊണ്ട് ഒപ്പമുള്ളപ്പോൾ നമ്മുടെ പ്രിയപ്പെട്ടവരോട് സ്നേഹം പ്രകടിപ്പിക്കാൻ മടിക്കരുത്. ദൈവത്തോട് നന്ദി പറയാനും."
മാഡം പറഞ്ഞതിന്റെ പൊരുൾ അപ്പോൾ മാത്രമാണ് എനിക്ക് മനസ്സിലായത്. രെിക്കൽ പോലും മാഡം ദൈവത്തെ പഴിച്ചില്ല. പകരം പറഞ്ഞത് - "പരമകാരുണ്യവാന്റെ എല്ലാ തീരുമാനങ്ങളും ശരി മാത്രമാണ്. ആ ദൈവത്തെ ഞാൻ സ്തുതിക്കുന്നു" എന്നാണ്.
മറ്റുള്ളവർ നമ്മളോട് ചില കാര്യങ്ങൾ പറയുമ്പോ അവരെന്തിന് അങ്ങനെ പറഞ്ഞു, അതിനു പിന്നിലെ അവരുടെ അനുഭവം എന്താണ് എന്നൊന്നും നമ്മൾ ചിന്തിക്കാറില്ല. നമ്മുടെ പരിമിതമായ അനുഭവങ്ങൾ വച്ച് വിശകലനം ചെയ്യാറല്ലേ പതിവ്? ഇന്ന് ഞാൻ വേറിട്ട് ചിന്തിക്കുന്നുവെങ്കിൽ, അത് ദൗലത്ത് ബീഗം പഠിപ്പിച്ച പാഠം കൊണ്ടു മാത്രമാണ് - ഒരാൾ കേട്ടു പരിചയമില്ലാത്ത ഒരു കാര്യം പറയുമ്പോൾ, അതിനു പിന്നിലെ കഥ മനസ്സിലാക്കാൻ ശ്രമിക്കണം, അവരുടെ സ്ഥാനത്ത് നമ്മളെ സങ്കൽപിക്കണം, കുറച്ചു ദൂരം അവരുടെ മനസ്സിനൊപ്പം നടക്കണം...
കസാൻദ് സാക്കീസ് പറഞ്ഞതു പോലെ "മുള്ളും തീയും ചേർന്നതാണ് ജീവിതം. അതു ഒരു പക്ഷേ നമ്മെ പ്രകാശിപ്പിക്കും. അല്ലെങ്കിൽ ചാരമാക്കും." ഉറച്ച ദൈവവിശ്വാസത്തോടെ കഠിനമായ പരീക്ഷണങ്ങളിൽ ചാരമാകാതെ, സ്വന്തം അനുഭവങ്ങളിലൂടെ പ്രകാശം പരത്തുകയാണ് ഇന്ന് ദൗലത്ത് ബീഗം.
Comments