കുപ്പിവളകളുടെ റാണി
അങ്ങനെ ജീവിതം മുന്നോട്ട് പോകവേ, ഞാൻ എട്ടാം ക്ലാസിലെത്തി. ആ വർഷം പുതുതായി സ്കൂളിൽ ചേർന്ന ഒരധ്യാപികയായിരിക്കും ഞങ്ങളുടെ ക്ലാസ് ടീച്ചർ എന്ന് അറിയിപ്പു കിട്ടി. ആകാംക്ഷയോടെ ഞങ്ങളെല്ലാം ടീച്ചറിന്റെ വരവും കാത്തിരുന്നു. അപ്പോ അതാ വരുന്നു - സാക്ഷാൽ ലക്ഷ്മി ദേവിയെ പോലെ ഐശ്വര്യവതിയായ ഞങ്ങളുടെ ടീച്ചർ - അന്നപൂർണ്ണ മാഡം.
വട്ട മുഖം, വലിയ കണ്ണുകൾ, നെറ്റിയിൽ വലിയ വട്ട പൊട്ട്, നെറുകയിൽ സിന്ദൂരം, വീതി ബോർഡറുള്ള സാരി - ഇതൊക്കെയാണ് ക്ലാസിൽ എല്ലാരും കണ്ടത്. പക്ഷേ എന്റെ കണ്ണുകളുടക്കിയത് ടീച്ചറിന്റെ കുപ്പിവളകളിലായിരുന്നു. കൈ നിറയെ അണിഞ്ഞിരുന്ന കടും പച്ചയും ഇളം മഞ്ഞയും നിറങ്ങളുള്ള കുപ്പിവളകൾ.
അത് പിന്നെ ഒരു ശീലമായി. എന്നും മാഡത്തിന്റെ വരവിനായി അക്ഷമയായി ഞാൻ കാത്തിരുന്നു. ഇന്ന് എത് നിറത്തിലെ വളകളാകും എന്നാണ് എന്റെ ചിന്ത. ഇത്രയധികം കുപ്പിവളകൾ സ്വന്തമായുള്ള ആരേം അതിന് മുൻപോ അതിന് ശേഷമോ ഞാൻ കണ്ടിട്ടില്ല. ശരിക്കും കുപ്പിവളകളുടെ റാണിയായിരുന്നു മാഡം.
അന്നപൂർണ്ണ മാഡം ഞങ്ങളെ സോഷ്യൽ സ്റ്റഡീസാണ് പഠിപ്പിച്ചിരുന്നത്. കുറേ നാൾ കഴിഞ്ഞ് ഒരു ദിവസം ഉച്ചയ്ക്ക് ഒരു വാർത്തയെത്തി - ഒരു transformer ന്റെ അറ്റകുറ്റപണികൾ നടക്കുന്നതിനിടെ അതിൽ നിന്നും തീ പടർന്ന് പിടിച്ച് രണ്ടു പേർക്ക് സാരമായി പൊള്ളലേറ്റു. അതിലൊരാൾ അച്ഛന്റെ അടുത്ത സുഹൃത്തായ ഉണ്ണിപ്പിള്ള അങ്കിളായിരുന്നു. പിറ്റെന്ന് സ്കൂളിൽ എത്തിയപ്പോഴാണ് പൊള്ളലേറ്റ മറ്റയാൾ അന്നപൂർണ്ണ മാഡത്തിന്റെ ഭർത്താവാണെന്നറിഞ്ഞത്. കുറച്ച് ദിവസങ്ങൾ പിന്നെ മാഡം അവധിയിലായിരുന്നു. അതിനു ശേഷം മടങ്ങിയെത്തിയപ്പോൾ ഭർത്താവിന് നല്ല പുരോഗതിയുണ്ടെന്നും, മാഡത്തിന്റെ കൈ കൊണ്ട് ഭക്ഷണം കൊടുത്തപ്പോൾ കഴിച്ചെന്നും വളരെ സന്തോഷത്തിൽ പറഞ്ഞു. പക്ഷേ ആ സന്തോഷം താൽക്കാലികം മാത്രമായിരുന്നു എന്ന് ആരും അറിഞ്ഞില്ല. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മാഡത്തിന്റെ ഭർത്താവ് ലോകത്തോട് വിടപറഞ്ഞു.
പിറ്റെന്ന് സ്കൂളിൽ നിന്ന് ഞങ്ങളെയെല്ലാം മാഡത്തിന്റെ വീട്ടിലെത്തിച്ചു. അവിടെ ഒരു മുറിക്കുളളിൽ ബന്ധുക്കളുടെ നടുവിൽ ടീച്ചറിനെ കണ്ടു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തളർന്നിരിക്കുന്ന ടീച്ചർ. ഇടയ്ക്ക് ആരോടെന്നില്ലാതെ ടീച്ചർ പറഞ്ഞു,"ഞാൻ കുപ്പിവളകൾ അണിയുന്നത് അദ്ദേഹത്തിന് വല്യ ഇഷ്ടായിരുന്നു. ഇനി ആർക്കു വേണ്ടിയാണീ വളകൾ?'' അതു പറഞ്ഞ് കൈയ്യിൽ അണിഞ്ഞിരുന്ന വളകൾ ഭിത്തിയിൽ അടിച്ചു പൊട്ടിച്ചു. ഓറഞ്ച് നിറത്തിലുള്ള വളപ്പൊട്ടുകൾ അവിടെല്ലാം ചിതറി. വെട്ടിത്തിളങ്ങി നിന്നിരുന്ന ഒരു ചില്ലു കൊട്ടാരം കൺമുന്നിൽ തകർന്നടിഞ്ഞതു പോലെ തോന്നി... അന്നാണ് ടീച്ചറിനെ അവസാനമായി കണ്ടത്...
കുപ്പിവളകൾ ഇപ്പോ ഉപയോഗിക്കാറില്ലെങ്കിലും, ഇന്നും കണ്ടാൽ വാങ്ങിക്കും. ഓരോ പ്രാവശ്യം ആ വളകൾ കാണുമ്പോഴും അന്നപൂർണ്ണ മാഡത്തെ - കുപ്പിവളകളുടെ റാണിയെ - ഓർക്കാതിരിക്കാൻ കഴിയില്ല. അന്നപൂർണ്ണ മാഡം ഇന്നെവിടെ ആണെങ്കിലും, ജീവിതത്തിൽ സന്തോഷവും സമാധാനവും കണ്ടെത്തി കഴിഞ്ഞുവെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
Pls note: A face in the pic has been hidden from view as per personal request.
#iphsmemories
Comments